പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ആക്രമണത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തുവെന്നാണ് എന്‍ഐഎ അന്വേഷണത്തിലെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ഭീകരര്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇതോടൊപ്പം സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കില്‍ അയല്‍ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
പൂഞ്ചില്‍ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൈനികരുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും.
രജൗരിയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ശേഷം രാത്രിയോടെ ഭൗതിക ശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി വനമേഖലയില്‍ തെരച്ചില്‍ തുടരുന്നുണ്ട്. വനമേഖലയിലെ ഗുഹകളില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായിട്ടാണ് വിവരം.