ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 127 രാജ്യങ്ങളില്‍ നിന്നുള്ള 3752 ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് അവാര്‍ഡിനായി മത്സരിച്ചത്. 60000 ത്തിൽ അധികം എന്‍ട്രികളില്‍ നിന്നാണ് ഈ വര്‍ഷത്തെ ഫോട്ടോ പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.
അസോസിയേറ്റഡ് പ്രസിന്‍റെ ഇവ്ജിനി യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രമാണ് വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്കാരത്തിനു അര്‍ഹമായത്. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈന്‍ നഗരമായ മരുയുപോള്‍ ആശുപത്രിയില്‍ നിന്നും ഐറിന എന്ന ഗര്‍ഭിണിയെ ഒഴിപ്പിക്കുന്നതായിരുന്നു ഈ ചിത്രം. പ്രസവത്തിനു ശേഷം “സമാധാനം” എന്ന അര്‍ത്ഥം വരുന്ന മിറോൺ എന്ന് പേരു നല്കിയ കുഞ്ഞു എതാനും നിമിഷങ്ങള്‍ക്കകം മരിച്ചു. അരമണിക്കൂറിനുശേഷം ഐറിനയും മരിച്ചിരുന്നു.
2021 ല്‍ ഫോട്ടോ ഓഫ് ദ് ഇയര്‍ പുരസ്കാരം ലഭിച്ച മാഡ്സ് നിസ്സന് ഈ വര്‍ഷത്തെ സ്റ്റോറി ഓഫ് ദ് ഇയര്‍ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്‍റെ ‘അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ദുരിതം വിവരിക്കുന്ന’ ചിത്ര പരമ്പരക്കാണ് പുരസ്കാരം ലഭിച്ചത്. അതേസമയം, ഈ വര്‍ഷത്തെ ഓപ്പൺ ഫോർമാറ്റ് അവാർഡ് മുഹമ്മദ് മഹ്ദിയെ തേടിയെത്തി. ഈജിപ്ഷ്യൻ നഗരമായ അലക്സാണ്ട്രിയയിലെ അൽ മാക്സിലെ താമസക്കാരുമായി സഹകരിച്ച്, അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ ഓർമ്മ നിലനിർത്താൻ വേണ്ടിയുള്ള ദ ഡോർസ് ഡോണ്ട് നോ മി – എന്ന ചിത്രത്തിനാണ് പുരസ്കാരം. കൂടാതെ ലോങ്ങ് ടേം പ്രോജക്ട് പുരസ്കാരം മധ്യേഷ്യയിലെ ജലസ്രോതസ്സ് മാനേജ്മെന്‍റിനെക്കുറിച്ചുള്ള ‘ബാറ്റേര്‍ഡ് വാട്ടറിനും’ ലഭിച്ചു. അനുഷ് ബാബജന്‍യാനിന്‍റേതാണ് ഈ ചിത്രം.