Monday, November 25, 2024

സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാര്‍; അടിയന്തര ഒഴിപ്പിക്കല്‍ പരിഗണനയില്‍

അര്‍ധ സൈന്യവും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത് മൂവായിരത്തോളം ഇന്ത്യക്കാര്‍. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുകയാണ് ഇന്ത്യ.

സുഡാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ ഉന്നതതല യോഗത്തിലാണ് മോദി ആവശ്യമറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സുഡാനിലെ അംബാസഡര്‍ ബി എസ് മുബാറക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

സുഡാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വം തുടര്‍ച്ചയായി വിലയിരുത്തണമെന്നും അവര്‍ക്ക് വേണ്ട എല്ലാ സഹായവും നല്‍കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സുഡാനിലെ സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സുഡാനില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്റെ മരണത്തില്‍ മോദി അനുശോചനം രേഖപ്പെടുത്തി. സുഡാനിലെ അയല്‍ രാജ്യങ്ങളുമായുള്ള ആശയവിനിമയം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യേഗസ്ഥരുമായും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. അമേരിക്ക, യുകെ, ജര്‍മ്മനി, സ്‌പെയിന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

Latest News