Monday, November 25, 2024

വിരലുകള്‍കൊണ്ട് മാന്ത്രികത വിരിയിച്ച ഇതിഹാസ താരം ഇനി ഓര്‍മ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ താരം ഷെയ്ന്‍ വോണിന്റെ വേര്‍പാടില്‍ വേദനിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 52 വയസ്സായിരുന്നു. കമന്റേറ്ററായും മെന്ററായും വിമര്‍ശകനായുമെല്ലാം കളിക്കളത്തിന് പുറത്ത് സജീവമായിരിക്കേയാണ് വോണിന്റെ അന്ത്യം. വോണിന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വേര്‍പാടിലൂടെ ക്രിക്കറ്റ് ലോകത്തിന് അതിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളെ മാത്രമല്ല അതിന്റെ ഏറ്റവും മികച്ച ഒരു വ്യക്തിത്വത്തെയും നഷ്ടമായിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണിനെപ്പോലെ ക്രിക്കറ്റില്‍ മറ്റാരുമില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയല്ല. ഓസ്‌ട്രേലിയയ്ക്കായി 145 ടെസ്റ്റില്‍ നിന്ന് 3154 റണ്‍സും 708 വിക്കറ്റും നേടി. 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന ബഹുമതിയും ഇദ്ദേഹത്തിന്റെ പേരിലാണ്. 194 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

55 ഐപിഎല്ലില്‍ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന്‍ വോണ്‍. ഇതിനു ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

വോണിന്റെ കൈകളില്‍, അല്ലെങ്കില്‍ കൈത്തണ്ടയില്‍, ലെഗ് സ്പിന്‍ മാന്ത്രികവും സമാനതകളില്ലാത്തതുമായ കലയായി രൂപാന്തരപ്പെട്ടു. വോണിനെ പോലെ അനായാസമായി പന്ത് തിരിക്കുന്നവര്‍ ചുരുക്കം. അഴിമതികളും വിവാദങ്ങളും സഹതാരങ്ങളുമായുള്ള വഴക്കുകളും വിവാദത്തിലേക്ക് നയിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ പ്രഭാവത്തില്‍, അവ പോലും ഇതിഹാസത്തെ അലങ്കരിക്കുന്നു.

Latest News