Sunday, November 24, 2024

സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കം 157 പേരെ ജിദ്ദയിലെത്തിച്ചു; രക്ഷാദൗത്യം സൗദി നേവിയുടെ നേതൃത്വത്തില്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള പൗരന്മാരെ രക്ഷിച്ച് സൗദി അറേബ്യ. 157 പേരെയാണ് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍.

സുഡാനില്‍ നിന്ന് കപ്പല്‍മാര്‍ഗമാണ് 157 പേരെയും ജിദ്ദയിലെത്തിച്ചത്. ഇന്ത്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തര്‍, യുഎഇ, ഈജിപ്ത്, ടുണീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷിച്ച 66 പേരിലുള്ളത്. സൗദി നയതന്ത്രവാഹനത്തിലാണ് ഇവരെ സുഡാന്‍ തുറമുഖത്തെത്തിച്ചത്.

സൗദി നാവികസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ ശ്രമം. വരും ദിവസങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ രക്ഷിക്കല്‍ ശ്രമം തുടരും. ഏപ്രില്‍ 15ന് ഖാര്‍ത്തൂമില്‍ നിന്ന് ടേക്ക് ഓഫിന് തയ്യാറെടുക്കവെ രൂക്ഷമായ വെടിവെപ്പിനെ തുടര്‍ന്ന് പിന്മാറിയ സൗദി യാത്രാവിമാനത്തിന്റെ ക്രൂ അംഗങ്ങളും ജിദ്ദയില്‍ സുരക്ഷിതമായെത്തിയവരിലുണ്ട്.

 

 

Latest News