Monday, November 25, 2024

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും; കനത്ത സുരക്ഷ

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. റോഡ് ഷോ, ബിജെപിയുടെ യുവം കോണ്‍ക്ലേവ് എന്നിവയാണ് കൊച്ചിയിലെ മുഖ്യപരിപാടികള്‍. തുടര്‍ന്ന് വിവിധ ക്രൈസ്തവ മതമേലധ്യക്ഷ്യന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകിട്ട് അഞ്ച് മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തും. നാവികസേനാ വിമാനത്താവളത്തിലിറങ്ങുന്ന നരേന്ദ്രമോദിയുടെ ആദ്യ പരിപാടി തേവര എസ് എച്ച് കോളേജ് ഗ്രൗണ്ടിലേക്കുളള റോഡ് ഷോ ആണ്. തോപ്പുംപടി വെണ്ടുരുത്തി പാലത്തില്‍ നിന്നും എസ് എച്ച് കോളേജ് ഗ്രൗണ്ട് വരെ 1.8 കിലോമീറ്റര്‍ ആണ് റോഡ് ഷോ. തുടര്‍ന്ന് ബിജെപി സംഘടിപ്പിക്കുന്ന യുവം 2023 കോണ്‍ക്ലേവില്‍ പങ്കെടുക്കും. ആദ്യദിനം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തങ്ങുന്ന അദ്ദേഹം വിവിധ മതമേലധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തും.

വലിയ ഗതാഗത ക്രമീകരണങ്ങളാണ് നഗരത്തിലും പശ്ചിമ കൊച്ചിയിലും റൂറല്‍ മേഖലയിലും ഒരുക്കിയിരിക്കുന്നത്. 2060 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. റോഡ് ഷോ നടക്കുന്ന റൂട്ടില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ടുമണി വരെ നിയന്ത്രണമുണ്ടാകും. റൂറല്‍ മേഖലയിലെ ദേശീയ പാതയില്‍ കറുകുറ്റി മുതല്‍ മുട്ടം വരെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. വഴിയരികില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങും അനുവദിക്കില്ല.

യുവം പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരുടെ കൈയില്‍ മൊബൈല്‍ ഫോണുകള്‍ മാത്രമേ അനുവദിക്കൂ. പരിപാടിയ്ക്കായി എത്തുന്ന മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷം മാത്രമായിരിക്കും പ്രവേശിപ്പിക്കുക. 25ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസും കൊച്ചി വാട്ടര്‍ മെട്രോയും ഫ്‌ലാഗ് ഓഫ് ചെയ്യും.

 

Latest News