ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എന്‍സിഇആര്‍ടിയുടെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരായി ശാസ്ത്രജ്ഞരും അധ്യാപകരും അടക്കമുള്ള അക്കാദമിക്ക് വിദഗ്ധര്‍ രംഗത്ത്. ഐഐടികള്‍ ഐസറുകള്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് തുടങ്ങി വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നടക്കം 1800 ശാസ്ത്രജ്ഞരും അധ്യാപകരുമാണ് എന്‍സിഇആര്‍ടി നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. പരിണാമ സിദ്ധാന്തം അടക്കമുള്ള ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടിക്ക് അയച്ച തുറന്ന കത്തില്‍ ശാസ്ത്രജ്ഞരും മറ്റും ആവശ്യപ്പെട്ടു.
പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തിലെ ‘ഹെറിഡിറ്റി ആന്‍ഡ് എവല്യൂഷന്‍’ എന്ന പാഠത്തിലാണ് മാറ്റം. എവല്യൂഷന്‍ ഒഴിവാക്കി ഹെറിഡിറ്റി മാത്രം നിലനിര്‍ത്തി. ഇതോടെ പരിണാമം, ആര്‍ജ്ജിത ഗുണങ്ങളും പാരമ്പര്യ ഗുണങ്ങളും, പരിണാമ ബന്ധങ്ങളുടെ കണ്ടെത്തല്‍, ഫോസിലുകള്‍, പരിണാമം ഘട്ടങ്ങളായി, മനുഷ്യന്റെ പരിണാമം തുടങ്ങിയ പാഠഭാഗങ്ങള്‍ പുസ്തകത്തിന് പുറത്തായി.
കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായി പരിണാമ പ്രക്രിയ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണെന്ന് എന്‍സിഇആര്‍ടിക്കുള്ള തുറന്ന കത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കി. പരിണാമ പ്രക്രിയയും മറ്റും കുട്ടികളെ പഠിപ്പിക്കാത്തത് വിദ്യാഭ്യാസ പ്രക്രിയയെ അവഹേളിക്കുന്നതിന് തുല്യമാണ്. ബയോളജിയുടെ ഒരു ഉപശാഖ എന്ന നിലയില്‍ മാത്രമല്ല ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കുന്നതിനും പരിണാമ പ്രക്രിയ അറിഞ്ഞിരിക്കണമെന്നും കത്തില്‍ പറയുന്നു.