വരിസംഖ്യ അടച്ച് സബ്സ്ക്രിപ്ഷന് എടുക്കുന്നവര്‍ക്ക് വേരിഫിക്കേഷന് ബാഡ്ജും അധിക ഫീച്ചറുകളും ലഭ്യമാക്കുമെന്ന മസ്കിന്റെ നയത്തിനെതിരായ വിമര്‍ശനത്തിനു പിന്നാലെ നീല ടിക് പുനഃസ്ഥാപിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ വേരിഫിക്കേഷന് ബാഡ്ജായ നീല ടിക് പ്രമുഖരുടെ അക്കൗണ്ടുകള്‍ക്കാണ് പുനഃസ്ഥാപിച്ചു നല്‍കിയത്.
ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം കമ്പനിയില്‍ വന്‍ അഴിച്ചു പണികളാണ് സിഇഒ ഇലോണ്‍ മസ്ക് നടത്തിയത്. ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലും ലോഗോയില്‍ മാറ്റം വരുത്തിയതുമെല്ലാം ഇലോണ്‍ മാസ്ക് കമ്പനി തലപ്പത്ത് എത്തിയതിനു ശേഷമാണ്. ഇതിന്റെ ഭാഗമായാണ് വെരിഫിക്കേഷന് ബാഡ്ജും വരിസംഖ്യയുടെ അടിസ്ഥാനത്തിലാക്കിയത്.
പത്തു ലക്ഷത്തില്‍ അധികം ആളുകള്‍ പിന്തുടരുന്ന ട്വിറ്ററില്‍ പ്രമുഖരുടെ പേരുകളിലുള്ള വ്യാജ അക്കൗണ്ടുകള്‍ തടയാനായിരുന്നു വെരിഫിക്കേഷന് സൗകര്യം ഒരുക്കിയിരുന്നത്. നേരത്തെ, പ്രമുഖര്‍ക്ക് നീല ബാഡ്ജ് ഫീച്ചര്‍ സൗജന്യമായിട്ടാണ് നല്‍കിയിരുന്നത്. എന്നാല്‍ എപ്രില്‍ 20 ന് നിരവധി അക്കൗണ്ടുകളില്‍ നിന്നും ബാഡ്ജ് നീക്കം ചെയ്തിരുന്നു. വെരിഫിക്കേഷന് വരിസംഖ്യ അടച്ചു സബ്സ്ക്രിപ്ഷന് എടുക്കണമെന്ന് മസ്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മസ്കിന്റെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയത്.