സൈനിക വിഭാഗങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ ആശങ്കയോടെ സുഡാനിലെ ജനങ്ങള്‍. വിദേശികളെ ഒഴിപ്പിക്കുന്നതോടെ രാജ്യത്ത് ഏറ്റുമുട്ടല്‍ കനക്കുമോ എന്നതാണ് സുഡാന്‍ ജനതയുടെ ആശങ്ക.
അതിസങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെയാണ് സുഡാന്‍ കടന്നു പോകുന്നതെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. അതിനാല്‍ വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അമേരിക്ക, ഇറ്റലി,സൗദി തുടങ്ങിയ രാജ്യങ്ങള്‍ ധ്രുതഗതിയിലാക്കിയിട്ടുണ്ട്. പൗരന്മാരെ ഒഴിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലുകള്‍ രൂക്ഷമായിട്ടില്ല എന്നാണ് വിവരം. എന്നാല്‍, വിദേശികളെ ഒഴിപ്പിക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും സുഡാന്‍ ജനത ആശങ്കപ്പെടുന്നു.
ശാശ്വതമായ വെടിനിര്‍ത്തലിനുള്ള അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് രാജ്യത്തു നിന്നും നിരവധി പൗരന്മാരാണ് ഇതുവരെ പലായനം ചെയ്തത്. പത്താം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകളില്‍ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇതിനോടകം 427 പേര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.