ദക്ഷിണ ചൈനാ കടലിനു മേല്‍ വർദ്ധിച്ചുവരുന്ന ചൈനയുടെ പരമാധികാര ഭീഷണിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഓസ്‌ട്രേലിയ. ഇന്തോ-പസഫിക്കിലെ സഖ്യകക്ഷികളായ ജപ്പാനോടും ഇന്ത്യയോടും ചേര്‍ന്ന് പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ നയ അവലോകനം പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസ് പ്രസിദ്ധീകരിച്ചു.
ചൈനയുടെ ഭീഷണിയെ പരോക്ഷമായാണ് പ്രതിരോധ നയ അവലോകനത്തില്‍ ഓസ്‌ട്രേലിയ പരാമര്‍ശിച്ചിരിക്കുന്നത്. കാന്‍ബറിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രതിരോധ നയ പ്രഖ്യാപനം. തര്‍ക്ക മേഖലയില്‍ പരമാധികാരം സ്ഥാപിക്കാനുളള ശ്രമങ്ങള്‍ ആഗോള നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നാണ് ഓസ്‌ട്രേലിയയുടെ കുറ്റപ്പെടുത്തല്‍.
കൂടാതെ, പരമാധികാരത്തെ ചൊല്ലിയുളള ഏകപക്ഷീയമായ ചൈനയുടെ അവകാശവാദങ്ങള്‍ രാജ്യത്തിന്‍റെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും, അവലോകന നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഇന്തോ-പസഫിക്കിലെ പ്രധാന സഖ്യകക്ഷികളുമായി നയതന്ത്ര, പ്രതിരോധ സഹകരണം ആഴത്തിലാക്കുമെന്നും ആല്‍ബനീസ് പറയുന്നു.