Tuesday, November 26, 2024

‘കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും പരിശ്രമശാലികളും’; മലയാളികളെ പുകഴ്ത്തി പ്രധാനമന്ത്രി

കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരും പരിശ്രമശാലികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി ജലമെട്രോ ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കേരളം വളരെ ജാഗ്രതയുള്ള നാടാണ്. ഇവിടുത്തെ ജനങ്ങള്‍ അറിവുള്ളവരും വിദ്യാസമ്പന്നരുമാണ്. സ്വന്തം സാമര്‍ത്ഥ്യം കൊണ്ടും വിനയത്തോടെയുള്ള പെരുമാറ്റം കൊണ്ടും പരിശ്രമശീലം കൊണ്ടുമാണ് അവര്‍ അറിയപ്പെടുന്നത്’- മോദി പറഞ്ഞു.
‘രാജ്യത്തും ലോകത്താകമാനവും എന്താണ് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സാമ്പത്തിക അവസ്ഥയും അറിയാന്‍ കഴിയും. ഈ അവസ്ഥയിലും ഭാരതം വികസനത്തിന്റെ പ്രഭാകേന്ദ്രമായി മാറുകയാണ്. ഭാരതത്തിന്റെ വികസന സാധ്യതകള്‍ ലോകമാകെ അംഗീകരിച്ചു കഴിഞ്ഞു’ -മോദി കൂട്ടിച്ചേര്‍ത്തു.

കൊച്ചി വാട്ടര്‍ മെട്രോ, ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷന്റെ വൈദ്യുതീകരണം എന്നീ പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് നേരത്തെ നിര്‍വഹിച്ചിരുന്നു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്റ്റേഷനുകളുടെ വികസനം, നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ സമഗ്രവികസനം എന്നിവയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങിനു ശേഷം പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ സൂറത്തിലേക്ക് പോകും.

 

Latest News