Tuesday, November 26, 2024

‘വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം ഗൗരവമുള്ളത്’; ഡല്‍ഹി പോലീസിന് നോട്ടീസയച്ച് സുപ്രീംകോടതി

വനിതാ ഗുസ്തി താരങ്ങളുടെ ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത നടപടിക്കെതിരെയാണ് വനിതാ താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ലൈംഗിക പീഡനക്കേസിലെ പരാതിക്കാരായ വനിതാ ഗുസ്തി താരങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമായി സംരക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജുഡീഷ്യല്‍ രേഖകളില്‍ നിന്ന് ഇവരുടെ വിശദാംശങ്ങള്‍ നീക്കാനും ഉത്തരവിട്ടു. പരാതിക്കാരുടെ ഐഡന്റിറ്റി മറച്ചുവയ്ക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട് അഭ്യര്‍ഥിച്ചിരുന്നു. പരാതിക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

‘അന്താരാഷ്ട്ര ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ലൈംഗിക പീഡനത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുണ്ട്. പരാതിക്കാരുടെ വിവരങ്ങളും ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടണം. അവ തിരുത്തിയ പതിപ്പ് മാത്രമേ പബ്ലിക് ഡൊമൈനില്‍ ലഭ്യമാകാവൂ. വിഷയത്തില്‍ കോടതിയുടെ പരിഗണന ആവശ്യമാണ്’ – സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു.

 

 

 

Latest News