രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ചത്തെ കണക്കുകളെ അപേക്ഷിച്ചു തുടർച്ചയായ മൂന്നാം ദിവസവും കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 6,660 കേസുകള്‍ മാത്രമാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ അവസാനവാരം മുതല്‍ മെയ് പകുതിവരെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നേരത്തെ ആരോഗ്യ വിദഗ്ദര്‍ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന കണക്കുകള്‍ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നത്. ഇതോടെ കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരുന്നു.
ഇതിനു പിന്നാലെ മൂന്നു ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 7178 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3.52 ശതമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.42 ശതമാനമാണ്.