ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികസേനാ ഓഫീസര്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ്. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷ് ടോമി ഫിനിഷിങ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ എത്തുമെന്നാണ് പ്രതീക്ഷ. ബയാനത്ത് എന്ന പായ് വഞ്ചിയിലാണ് അദ്ദേഹത്തിന്റെ യാത്ര. ഒരു ഇന്ത്യക്കാരന്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത് ആദ്യമായാണ്.
കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോട്ടിക്കല്‍ മൈലില്‍ അധികം മുന്നിലുണ്ട്. അതിനാല്‍ കിര്‍സ്റ്റന്‍ ന്യൂഷാഫര്‍ ഒന്നാം സ്ഥാനവും കിരീടവും ഉറപ്പിച്ചു കഴിഞ്ഞു. ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഒന്നാം സ്ഥാനത്തെത്തുന്നത്. അഭിലാഷ് ടോമി കഴിഞ്ഞയാഴ്ച ലീഡ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ലീഡ് തിരിച്ച് പിടിച്ചു.
ഗോള്‍ഡന്‍ ഗ്ലോബ് റേസ് എന്നത് ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മല്‍സരങ്ങളിലൊന്നാണ്. 1968ല്‍ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയില്‍ ലോകം ചുറ്റിവരികയെന്ന തരത്തിലാണ് മത്സരം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മത്സരം ആരംഭിച്ചത്. 16 പേരായിരുന്നു ആദ്യ ഘട്ടത്തില്‍ മത്സരിക്കാനുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തിലെത്തിയപ്പോള്‍ അഭിലാഷ് അടക്കം മൂന്ന് പേര്‍ മാത്രമാണുളളത്.