Tuesday, November 26, 2024

സിനിമ മേഖലയിലെ ലഹരി ഉപയോഗം; വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്ന് മന്ത്രി സജി ചെറിയാന്‍

യുവനടന്‍മാരായ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗമിനെയും വിലക്കിയ സംഭവത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനയുടെ തീരുമാനം മുന്‍പോട്ട് പോകട്ടെ എന്നാണ് മന്ത്രിയുടെ പ്രതികരണം. സിനിമ മേഖലയിലെ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു.

സിനിമ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്നും സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെ കാണുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തിയതായും ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്നും വിവിധ സിനിമാ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ട യോഗത്തിലാണ് വിലക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ട്. പലരെക്കുറിച്ചും പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമൊക്കെയായിരുന്നു ഉപയോഗം. ഇപ്പോള്‍ പരസ്യമായാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്‍ ബോധമില്ലാതെ പലതും ചെയ്ത് കൂട്ടിയാല്‍ അതിന് ഉത്തരവാദിത്തം മുഴുവന്‍ സിനിമ സംഘടനകള്‍ക്കാണ്. പലരുടെയും പേരുകള്‍ സര്‍ക്കാരിന് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, ആ പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടത്തട്ടെ -നിര്‍മാതാവ് രഞ്ജിത് പറഞ്ഞു.

Latest News