മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിനു പിന്നാലെ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി ശമനസേന. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. ചാര്‍ജിങ്ങില്‍ ഇട്ടുകൊണ്ടു ഫോണില്‍ സംസാരിക്കുന്ന ശീലമുണ്ടെങ്കില്‍ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാത്രി മുഴുവന്‍ ഫോണ്‍ ചാര്‍ജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോണ്‍ തലയണയുടെ അടിയില്‍ വച്ചുകൊണ്ടു ചാര്‍ജിങ്ങിനിടരുത്. ചാര്‍ജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മര്‍ദ്ദവും ചൂടും കൂടിയാവുമ്പോള്‍ അപകട സാധ്യതയേറുന്നു. ചാര്‍ജിങ്ങിനിടയില്‍ ഫോണ്‍ അമിതമായി ചൂടാവുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ചാര്‍ജിങ് അവസാനിപ്പിക്കുക. ഫോണ്‍ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാര്‍ജ് ചെയ്യുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
വീഡിയോ കണ്ടുകൊണ്ടിരിക്കെയാണ് പട്ടിപ്പറമ്പ് സ്വദേശി ആദിത്യശ്രീ മരണപ്പെടുന്നത്. പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്പോഴാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. റെഡ്മി 5 പ്രോ ഫോണ്‍ ആണ് പൊട്ടിത്തെറിക്ക് കാരണമായത്. അപകടം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെങ്കിലും അമിതമായി ചൂടായിടുന്നുവെന്ന് ഫോറെന്‍സിക് പരിശോധനയില്‍ നിന്ന് വ്യക്തമായി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞ നിലയിലായിരുന്നു. കുട്ടി പുതപ്പിനുള്ളില്‍ വെച്ച് ഫോണ്‍ ഉപയോഗിച്ചതും അപകടത്തിന്റെ ആഘാതം കൂട്ടി.