Tuesday, November 26, 2024

ആദ്യ യാത്രയില്‍ മികച്ച വരുമാനം നേടി കൊച്ചി വാട്ടര്‍ മെട്രോ

ആദ്യ യാത്രയില്‍ മികച്ച വരുമാനം നേടി കൊച്ചി വാട്ടര്‍ മെട്രോ. 6,559 യാത്രക്കാരണ് ബുധനാഴ്ച വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. വലിയ രീതിയിലുളള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ആദ്യ യാത്രയിലുണ്ടായിരുന്നു. തിരക്ക് കാരണം പലര്‍ക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടിയും വന്നു. അതേസമയം ടിക്കറ്റ് വില്‍പ്പന വഴി ലഭിച്ച വരുമാനം കെഎംആര്‍എല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് പുറത്തുവിടുമെന്നാണ് വിവരം.

വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതിനായുളള സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണം തുടങ്ങി. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലാണ് വാട്ടര്‍ മെട്രോ ആദ്യ സര്‍വ്വീസ് ആരംഭിച്ചത്. ഓരോ 15 മിനിട്ടിലും ബോട്ട് സര്‍വ്വീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിട്ടുള്ളത്.

നഗരത്തോടു ചേര്‍ന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Latest News