ലഡാക്കിലെ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിനു ശേഷം ആദ്യമായി ഇന്ത്യ- ചൈന പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ 28 നു നടക്കാനിരിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന് (എസ്സിഒ) മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ഞായറാഴ്ച കോർപ്പസ് കമാൻഡർതല ചർച്ചകളും ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയിരുന്നു.
2020 -ല്‍ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സംഘർഷത്തോടനുബന്ധിച്ചു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ എസ്സിഒ യോഗത്തിനു മുന്നോടിയായി ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മില്‍ ചര്‍ച്ച നടത്തുകയായിരുന്നു.
ചൈനക്ക് പുറമേ, കസാഖിസ്താൻ, കിർഗിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാരുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഇരു പ്രതിരോധമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വിവരം അറിയിച്ചത്. അതേസമയം, ഞായറാഴ്ട നടന്ന കോർപ്പസ് കമാൻഡർതല ചര്‍ച്ചയില്‍, ഇരു രാജ്യങ്ങളും അടുത്ത ബന്ധം പുലർത്താനും കിഴക്കൻ ലഡാക്കിലെ ‘ബാക്കിയുള്ള പ്രശ്‌നങ്ങൾ’ എത്രയും വേഗം പരസ്പരം സ്വീകാര്യമായ പരിഹാരം ഉണ്ടാക്കാനും തീരുമാനിച്ചതായാണ് വിവരം.