ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ‘വീനർ സെയ്തുങ്’ ദിനപത്രം അച്ചടി നിർത്തി ഓണ്ലൈനിലേക്കെന്നു റിപ്പോര്‍ട്ട്. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യകാല ദിനപത്രങ്ങളിലൊന്നാണ് അച്ചടി നിര്‍ത്തുന്നത്. ഇതു സംബന്ധിച്ച തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചതായാണ് വിവരം.
നിലവില്‍ പ്രസിദ്ധീകരണം തുടരുന്ന ദിനപത്രത്തിന്റെ ഭാവിയെക്കുറിച്ച് ഓസ്ട്രിയൻ സർക്കാരും പത്രവും തമ്മിൽ ദീര്‍ഘനാളുകളായി തര്‍ക്കത്തിലായിരുന്നു. അച്ചടി നിര്‍ത്തുന്നതോടെ സര്‍ക്കാരും പത്രവും തമ്മിലുള്ള തര്‍ക്കത്തിനും പരിഹാരമാകും. “ഇത് ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടു. ജൂലൈ 1 മുതൽ പ്രാഥമികമായി പ്രസിദ്ധീകരണം ഓൺലൈനിലേക്ക് മാറ്റും” പാർലമെന്റിന്റെ മൂന്നാമത്തെ പ്രസിഡന്റ് നോർബർട്ട് ഹോഫർ പറഞ്ഞു.
ധനലഭ്യതക്ക് അനുസരിച്ച് പ്രതിവർഷം പത്ത് അച്ചടി പ്രസിദ്ധീകരണങ്ങൾ നിലനിർത്തുമെന്നാണ് വിവരം. എന്നാല്‍ പുതിയ മാറ്റത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി. 200ലധികം ജീവനക്കാരിൽ പകുതിയോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് യൂണിയനുകളുടെ വിമര്‍ശനം.
1703-ൽ വിന്നെറിഷസ് ഡയറിയം എന്ന പേരിൽ സ്ഥാപിതമായ പത്രം, പിന്നീട് 1780-ൽ വീനർ സെയ്തുങ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു, ആദ്യകാലത്തെ സ്വകാര്യ ദ്വൈവാരിക പത്രം പിന്നീട് 1857-ൽ ഓസ്ട്രിയയിലെ ചക്രവർത്തി ഫ്രാൻസ് ജോസഫ് ഒന്നാമൻ ദേശസാൽക്കരിച്ചതോടെ രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റായി മാറി. 2004-ൽ വീനർ സെയ്തുങ് ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴയ പത്രങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടിരുന്നു.