Thursday, January 23, 2025

സുഡാന്‍ സംഘര്‍ഷം; സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷം

വിദേശ പൗരന്മാരെ ഒഴിപ്പിച്ചതിനു പിന്നാലെ സുഡാനില്‍ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ത​ലസ്ഥാ​ന നഗരമായ ഖ​ർ​ത്തൂ​മി​ലും ദാ​ർ​ഫ​റി​ലും സ​മീപ ന​ഗ​ര​ങ്ങ​ളി​ലും വ്യാപകമായ വെടിവയ്പ്പുണ്ടായതായാണ് വിവരം. വരും ദിവസങ്ങളിലും ഇരു വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

72 മണിക്കൂര്‍ വെടിനിര്‍ത്തലിനെ തുടര്‍ന്ന് സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂം മൂന്നു ദിവസമായി ശാന്തമായിരുന്നു. അതിനാൽ സമീപ ദിവസങ്ങളിൽ ആയിരക്കണക്കിന് വിദേശ പൗരന്മാരെയാണ് വിദേശരാജ്യങ്ങള്‍ ഒഴിപ്പിച്ചത്. എന്നാൽ വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ സുഡാനീസ് സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള പോരാട്ടം പുനരാരംഭിച്ചു.

ഖാർത്തൂമിന്റെ അയൽ നഗരമായ ഒംദുർമാനിലെ നിവാസികൾ “ഏറ്റവും മോശം ദിവസം” എന്നാണ് വെടിനിര്‍ത്തല്‍ അവസാനിച്ച ദിവസത്തെ വിശേഷിപ്പിച്ചത്. തലസ്ഥാന നഗരത്തിനു സമീപമുള്ള പ്രദേശങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിച്ചതു മുതല്‍ ഇ​തു​വ​രെ 512 പേ​ർ മ​രി​ച്ച​താ​യും 4193 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാണ് കണക്ക്. യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​കു​മെന്നും വി​ല​യി​രു​ത്തുന്നു.

സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ 2,70,000 സു​ഡാ​നി​ക​ൾ ദ​ക്ഷി​ണ സു​ഡാ​ൻ, ചാ​ഡ് എ​ന്നീ ദ​രി​ദ്ര അ​യ​ൽ​രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് യുഎന്‍ വ്യക്തമാക്കുന്നത്. അതിനിടെ, അന്താരാഷ്ട്ര സംഘടനകളുടേയും, ലോകരാജ്യങ്ങളുടേയും നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Latest News