തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന ‘കക്കുകളി’ എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും വേദികള്‍ നല്കി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാര്‍ഹമാണ്. തൃശൂരില്‍ നടന്ന അന്തര്‍ദേശീയ നാടകോത്സവത്തിലും ഗുരുവായൂര്‍ സര്‍ഗോത്സവത്തിലും പ്രസ്തുത നാടകം പ്രദര്‍ശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. കേരളകത്തോലിക്കാ മെത്രാന് സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു.
ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രസ്തുത നാടകത്തെയും പിന്നണി പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ചിലര്‍ സ്വീകരിക്കുന്നതിന്റെ പിന്നില്‍ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതില്‍ സംശയമില്ല. ഇത്തരത്തില്‍, കൂടുതല്‍ പ്രദര്‍ശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് ക്രൈസ്തവ സമൂഹം നിര്‍ബ്ബന്ധിതരായി തീരും.
സാംസ്കാരിക കേരളത്തിന് കളങ്കമായ ഈ നാടകത്തിന്റെ പ്രദര്‍ശനം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാകണം. സ്വന്തം ജീവിതാന്തസില്‍ അഭിമാനിക്കുകയും നിസ്വാര്‍ത്ഥമായി സമൂഹത്തില്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികള്‍ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗംപേരുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരും തിരിച്ചറിയണം.