വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ദേവികുളം എംഎല്‍എയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. വിവിധ ഉപാദികളോടെയാണ് എ. രാജക്ക് സുപ്രീം കോടതി സ്റ്റേ അനുവദിച്ചത്. കേസില്‍ അന്തിമ വാദം ജൂലൈ 12 നു കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
രാജ ക്രൈസ്തവനായതിനാൽ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിക്കാൻ യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതേ തുടര്‍ന്നു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു എ.രാജ.
കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നതു വരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. നിയമസഭ അലവൻസും പ്രതിഫലവും വാങ്ങുന്നതും സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും, മണ്ഡലത്തിന് എം.എല്‍.എ. ഇല്ലാത്ത സാഹചര്യമുണ്ടാകുമെന്നമുള്ള രാജയുടെ അഭിഭാഷകരുടെ വാദം പരിഗണിച്ചാണ് എം.എല്‍.എക്ക് ഉപാദികളോടെ സ്റ്റേ അനുവദിച്ചത്.