യുഎസില്‍ കോവിഡിനെ തുടര്‍ന്നു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പ്രവേശിക്കാന്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിലാണ് ഇളവ്. മെയ്യ് 11 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
വിദേശയാത്രികർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കഴിഞ്ഞ വര്‍ഷം യുഎസ് നീക്കിയിരുന്നു. എന്നാല്‍, രാജ്യത്ത് എത്തുന്നവര്‍ക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയായിരുന്നു ഉണ്ടായിരുന്നത്. ഫെബ്രുവരിയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന് അനുകൂലമായി ജനപ്രതിനിധി സഭ തീരുമാനം എടുത്തതോടെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നത്.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കുന്നതിനു പുറമേ നിലവിലുണ്ടായിരുന്ന ആരോഗ്യ അടിയന്തരാവസ്ഥയും രാജ്യത്ത് പിൻവലിക്കും. അതേസമയം, ടെന്നീസ് ചാമ്പ്യൻ സെർബിയയുടെ നൊവാക് ജോകോവിച്ചിന് വാക്സിൻ നിബന്ധന കാരണം യു.എസിൽ നടന്ന ടൂർണമെന്റുകൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. വാക്സിൻ സ്വീകരിക്കാത്ത പ്രമുഖരിലൊരാളാണ് ജോക്കോവിച്ച്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജോക്കോവിച്ചിന് രാജ്യത്ത് പ്രവേശിക്കാന്‍ തടസ്സമുണ്ടാകില്ല.