യുഎസ് എണ്ണക്കപ്പല്‍ ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ വീണ്ടും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യുഎസ് എണ്ണക്കപ്പല്‍ ഇറാന്റെ അർധ സൈനിക വിഭാഗമായ റവലൂഷണറി ഗാര്‍ഡ് പിടികൂടുന്നത്. നിയോവി എന്ന കപ്പലാണ് ഇറാന് പിടിച്ചെടുത്തതെന്നു യുഎസിന്റെ അഞ്ചാം കപ്പല്‍പട അറിയിച്ചു.
പനാമയില്‍ നിന്നും പുറപ്പെട്ട കപ്പലാണ് ഇറാന് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. റവലൂഷണറി ഗാര്‍ഡുകളുടെ കപ്പലുകള്‍ നിയോവിയെ പിന്തുടര്ന്നു കപ്പല്‍ വളയുന്നതിന്റെയും പിന്നീട് ബത്താര്‍ അബ്ബാസ് തുറമുഖത്തേക്കു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ യുഎസ് നാവികസേന പുറത്തുവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന്റെ നടപടിയെന്നും മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇത് ഭീഷണിയാണെന്നും യുഎസ് കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച കുവൈത്തില്‍ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് മടങ്ങിയ കപ്പല്‍ ഇറാന് പിടിച്ചെടുത്തിരുന്നു. മാര്‍ഷല്‍ ഐലന്‍ഡിന്റെ പതാകയുള്ള അഡ്വന്ഡേജ് സ്വീറ്റ് എന്ന കപ്പലാണ് ഇറാന് പിടിച്ചെടുത്തത്. മലയാളികള്‍ ഉള്‍പ്പടെ കപ്പലില്‍ ഇന്ത്യക്കാരായ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്.