സൈനീക കലാപം തുടരുന്ന സുഡാനില്‍ നിന്നും 3,800 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ആരംഭിച്ച ഓപ്പറേഷന് കാവേരി ദൗത്യം പൂര്‍ത്തിയാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. സുഡാനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഏപ്രിൽ 24നാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്.
ഇന്ത്യൻ വ്യോമസേനയുടേയും ഇന്ത്യൻ നാവികസേനയുടേയും സംയുക്തമായ ദൗത്യമാണ് ഓപ്പറേഷന് കാവേരി. സൈനീക-അര്‍ധസൈനീക വിഭാഗങ്ങള്‍ തമ്മില്‍ ഖാര്‍ത്തുമില്‍ പോരാട്ടം ആരംഭിച്ചതിനു പിന്നാലെ, സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ സ്വയമേ പദ്ധതി ആവിഷ്കരിച്ചത്.
തുടക്കത്തിൽ, ഇന്ത്യൻ വ്യോമസേന (IAF) അതിന്റെ രണ്ട് C130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലും ഇന്ത്യൻ നേവി INS സുമേധയെ പോർട്ട് സുഡാനിലും വിന്യസിച്ചു. പിന്നീട് കൂടുതൽ ഒഴിപ്പിക്കലിനായി വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനവും ഉപയോഗിച്ചിരുന്നു.
അതേസമയം, വാദി സയ്യിദ്ന മിലിട്ടറി എയർബേസിൽ നിന്നുള്ള അഞ്ച് ഇന്ത്യൻ നാവിക കപ്പലുകളും 17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങളും ഉപയോഗിച്ചാണ് ഇന്ത്യ ദൗത്യം പൂര്‍ത്തിയാക്കിയത്. പ്രശ്ന ബാധിത മേഖലയായ സുഡാനിൽ ഇനി കൂടുതൽ ഇന്ത്യക്കാർ ഒഴിപ്പിക്കലിനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.