പാക്കിസ്ഥാൻ ചൈനയുമായും അഫ്ഗാനിസ്ഥാനുമായും ത്രികക്ഷി ചർച്ചയ്ക്ക് ഇസ്ലാമാബാദിൽ ആതിഥേയത്വം വഹിക്കും. ചൈനീസ്, അഫ്ഗാൻ വിദേശകാര്യ മന്ത്രിമാരായ ക്വിൻ ഗാങ്, മൗലവി അമീർ ഖാൻ മുത്താഖി എന്നിവരാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള ത്രിരാഷ്ട്ര ചർച്ചയുടെ അഞ്ചാം റൗണ്ടിൽ പങ്കെടുക്കുന്നതിന് പുറമേ, രണ്ട് വിദേശകാര്യ മന്ത്രിമാരും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയുമായി ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കും.
അഫ്ഗാനിസ്ഥാന്റെ ഇടക്കാല വിദേശകാര്യ മന്ത്രിയായ മുത്താഖിക്ക് ഈ മാസം ആദ്യം യുഎൻ സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകി, യാത്രാ നിരോധന ഇളവ് അനുവദിച്ചിരുന്നു. യുഎൻഎസ്‌സിയുടെ ഉപരോധം മൂലം ദീർഘനാളായി യാത്രാ നിരോധനത്തിനും ആസ്തി മരവിപ്പിക്കലിനും വിധേയനായിരുന്നു മുത്താഖി.
ഉഭയകക്ഷി രാഷ്ട്രീയ-വാണിജ്യ ബന്ധങ്ങൾ, പ്രാദേശിക സ്ഥിരത, അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഗതാഗതം എന്നിവയെക്കുറിച്ച് സമഗ്രമായ ചർച്ചകൾ നടത്താൻ അഫ്ഗാനിസ്ഥാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവ് സിയാദ് അഹ്മദ് തക്കൽ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ആദ്യത്തെ പാക്കിസ്ഥാൻ സന്ദർശനമാണ് ഇതെങ്കിലും, കാബൂളിൽ അഫ്ഗാൻ താലിബാൻ നിയന്ത്രണം ഏറ്റെടുത്ത് ഏതാനും മാസങ്ങൾക്ക് ശേഷം, 2021 നവംബറിൽ മുത്താഖി പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. അഫ്ഗാനിലെ താലിബാൻ ഭരണാധികാരികളെ ക്ഷണിക്കാതെ ഖത്തറിലെ ദോഹയിൽ യുഎൻ അഫ്ഗാനിസ്ഥാനെക്കുറിച്ച് ഒരു സമ്മേളനം നടത്തിയ അതേ ആഴ്ചയിലാണ് അഫ്ഗാൻ മന്ത്രിയുടെ പാക്കിസ്ഥാൻ സന്ദർശനമെന്നതും ശ്രദ്ധേയം.
മെയ് 2 ന് ദോഹയിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, വിദ്യാഭ്യാസ നിരോധനം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ താലിബാൻ അടിച്ചമർത്തുന്നതിനെ അപലപിച്ചിരുന്നു. താലിബാനെ അഫ്ഗാനിസ്ഥാന്റെ ഭരണാധികാരികളായി അംഗീകരിക്കില്ലെന്ന് യുഎൻ മേധാവി അന്ന് വ്യക്തമാക്കിയിരുന്നു.
2,600 കിലോമീറ്റർ നീളമുള്ള അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ അയൽരാജ്യമായ അഫ്‌ഗാനുമായി പാക്കിസ്ഥാന് അടുത്ത ബന്ധമാണുള്ളത്. എന്നിരുന്നാലും, വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലും അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ബലൂചിസ്ഥാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും ആക്രമണങ്ങൾ നാടകീയമായി വർദ്ധിച്ച സമയത്താണ് മുത്താഖിയുടെ സന്ദർശനം.
അഫ്ഗാൻ താലിബാനെ ആശയപരമായി പിന്തുണക്കുന്ന സായുധ ഗ്രൂപ്പായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാനാണ് (ടിടിപി) അഫ്ഗാൻ പ്രദേശത്തിനുള്ളിൽ നിന്ന് ആക്രമണങ്ങൾ ആരംഭിച്ചതെന്ന് പാക്കിസ്ഥാനിലെ അധികാരികൾ ആരോപിക്കുന്നു. എന്നിരുന്നാലും, അഫ്ഗാൻ താലിബാനെ രാജ്യത്തിന്റെ നിയമാനുസൃത സർക്കാരായി ഔദ്യോഗികമായി അംഗീകരിക്കാതെ പാകിസ്ഥാൻ അവരുമായി ചർച്ചകൾ തുടരുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ, പ്രത്യേകിച്ച് സമീപകാല സംഘർഷങ്ങളുടെ വെളിച്ചത്തിൽ, മുത്തഖിയുടെ ഇസ്‌ലാമാബാദ് സന്ദർശനം സുപ്രധാനമായ ഒരു സംഭവവികാസമാണെന്ന് പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ വിഷയത്തിലെ വിദഗ്ദ്ധർ പറയുന്നത്. അഫ്ഗാൻ താലിബാൻ, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ പാക്കിസ്ഥാന് അവരെ അവഗണിക്കാൻ കഴിയില്ല. ആയതിനാൽ കാബൂളുമായി ബന്ധം നിലനിർത്തേണ്ടത് ഇസ്ലാമാബാദിന് ഒരു രാഷ്ട്രീയ ആവശ്യമാണെന്നാണ് വിദഗ്ദ്ധർ നിരീക്ഷണം.