ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി സ്ഥാപിച്ച റോഡ് ക്യാമറ പദ്ധതി ഈ മാസം 20നു തന്നെ ഔദ്യോഗികമായി ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചിരുന്നു.
ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ പിഴയിൽനിന്ന് ഒഴിവാക്കുവാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പത്താം തീയതി ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.
പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ക്യാമറ സ്ഥാപിച്ചതിനു ശേഷം നിയമലംഘനം കുറയുന്നതായി ആണ് കാണുന്നത്. ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. ക്യാമറ ഉണ്ടെന്ന ബോധ്യത്തിൽ ആളുകൾ നിയമം പാലിക്കുന്നുണ്ടെന്ന് മോട്ടർ വാഹനവകുപ്പ് വിലയിരുത്തി.