കോവിഡ് വന്ന് മാറിയവരിൽ രോഗശേഷം കാണപ്പെടുന്ന അസ്വസ്ഥതകൾ ശ്രദ്ധിക്കണം എന്ന് ലോകാരോഗ്യ സംഘടന. കോവിഡിനെ നേരിടാൻ ദീർഘകാല ആസൂത്രണവുമായി നീങ്ങണമെന്ന് നിർദ്ദേശിക്കുന്ന പുതിയ റിപ്പോർട്ടിലാണ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്. 2025 വരെയുള്ള കാലയളവിലെ തന്ത്രപ്രധാനമായ ആസൂത്രണം സംബന്ധിച്ചാണ് ഡബ്ല്യു.എച്ച്.ഒ. പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവിഡ് വന്നു പോയ ആറുശതമാനം രോഗികളിൽ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നെന്നാണ് കണ്ടെത്തൽ. കോവിഡ് വ്യാപനം തടയുക, മരണങ്ങളും രോഗാസ്വസ്ഥതകളും കുറയ്ക്കുക എന്നിവയായിരുന്നു റിപ്പോർട്ട് നേരത്തേ ഊന്നൽ നൽകിയ മേഖലകൾ. അതിനൊപ്പമാണ് ദീർഘകാല പ്രതിരോധ, നിയന്ത്രണവഴികളും കൂട്ടിച്ചേർത്തത്. കോവിഡ് വൈറസ് ഇവിടെത്തന്നെയുണ്ടാകും. അതിനാൽ ദീർഘ കാലത്തേയ്ക്ക് അവയെ ശ്രദ്ധിക്കുവാൻ ഉള്ള നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.
കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ്. ഗുരുതരമല്ലെങ്കിലും ലോകമെമ്പാടുമുള്ള ധാരാളമാളുകളിൽ ഇതുകാണുന്നുണ്ട്.