അമേരിക്കയിലെ ടെക്സസിലെ മാളിൽ ഉണ്ടായ വെടിവയ്പ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ടെക്‌സസിലെ ഡാലസിന് വടക്കുള്ള ഒരു മാളിൽ ഷോപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ആളുകൾക്ക് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ ആക്രമി ജനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ഏഴ് പേരെങ്കിലും ആശുപത്രിയിൽ ചികിത്സയിലാണ്, ഇതിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. ആക്രമി ഉൾപ്പെടെ ഏഴ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും രണ്ട് പേർ പിന്നീട് ആശുപത്രിയിൽ മരിച്ചതായും അലൻ ഫയർ ചീഫ് ജോനാഥൻ ബോയ്ഡ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിയൊച്ച കേട്ട സ്ഥലത്ത് എത്തുകയും ആക്രമി എന്ന് സംശയിക്കുന്ന ആളുമായി നടത്തിയ പോരാട്ടത്തിൽ അയാളെ നിർവീര്യമാക്കുകയും ചെയ്തു എന്ന് ജോനാഥൻ ബോയ്ഡ് വെളിപ്പെടുത്തി.
ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെടിവയ്പ്പിനെ “അവർണ്ണനീയമായ ദുരന്തം” എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ പ്രാദേശിക അധികാരികൾക്ക് എന്ത് സഹായവും നൽകാൻ സംസ്ഥാനം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.