ജമ്മു–കശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള ഭീകരരുടെ പദ്ധതി തകർത്ത് സുരക്ഷാസേന. ഭീകരരുടെ അനുയായിയെ ചോദ്യം ചെയ്തതിലൂടെ നിർണായക വിവരം ലഭിച്ച സേന പുൽവാമ–ഷോപിയാൻ റോഡിൽ ഭീകരർ ഒരുക്കിവച്ചിരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത് നിർവീര്യമാക്കി. അഞ്ചു കിലോഗാം ഉഗ്രശേഷിയുള്ള ഐഇഡി ബോംബ് ആണ് സുരക്ഷാ സേന നിർവീര്യമാക്കിയത്. ഇതോടെ പുൽവാമയിൽ വീണ്ടും ആക്രമണം നടത്തുക എന്ന ഭീകരരുടെ പദ്ധതിയാണ് സൈന്യം തകർത്തത്.
മറ്റൊരു കേസിൽ അറസ്റ്റിലായ ഇഷാഖ് അഹമ്മദ് വാനി എന്ന വ്യക്തിയിൽ നിന്നാണ് സൈന്യത്തിന് നിർണ്ണായകമായ വിവരം ലഭിച്ചത്. അതേസമയം ജമ്മുവിലെ രജൗറിയിൽ ഭീകരർക്കായി തിരച്ചിൽ മൂന്നാംദിവസവും തുടരുകയാണ്. കനത്ത മഴയ്ക്കിടെയാണു വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടക്കുന്നത്. ആക്രമണത്തിൽ പങ്കെടുത്ത ഒരു ഭീകരനെ ശനിയാഴ്ച കൊലപ്പെടുത്തിയിരുന്നു.
പൂഞ്ചിലെ ടിംബർഗലിയിൽ കഴിഞ്ഞമാസം 5 സൈനികരുടെ വീരമൃത്യുവിനിടയായ ആക്രമണം നടത്തിയ ഭീകരർക്കായി നടത്തിയ തിരച്ചിൽ ആണ് ഇപ്പോൾ രജൗറി വനമേഖലയിൽ മൂന്നാം ദിവസവും തുടരുന്നത്. ഈ ദൗത്യത്തിനിടെ അഞ്ചു സൈനികർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.