Tuesday, November 26, 2024

ടെക്സസിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറി എട്ട് മരണം

യുഎസിലെ ടെക്‌സസ് അതിർത്തി നഗരമായ ബ്രൗൺസ്‌വില്ലെയിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് എസ്‌യുവി കാർ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്‌യുവി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രൗൺസ്‌വില്ലെയിലെ കുടിയേറ്റക്കാർക്കുവേണ്ടിയുള്ള ഒരു അഭയകേന്ദ്രത്തിന് പുറത്താണ് സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വെനസ്വേലൻ സ്വദേശികളാണ്. അപകടത്തിൽപ്പെട്ടവർ രാത്രി അഭയകേന്ദ്രത്തിൽ ചെലവഴിച്ച ശേഷം ബ്രൗൺസ്‌വില്ലെ നഗരത്തിലേക്ക് മടങ്ങാൻ ബസ് കാത്തുനിൽക്കുകയായിരുന്നു.

ബസ് സ്റ്റോപ്പിൽ ബെഞ്ചില്ലാത്തതിനാൽ, അപകടത്തിൽപ്പെട്ടവർ നടപ്പാതയുടെ പടിയിൽ ഇരിക്കുകയായിരുന്നു. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ മറിഞ്ഞ കാർ ഏകദേശം 200 അടിയോളം നിരങ്ങി നീങ്ങി നടപ്പാതയിലൂടെ നടന്നുപോയ ചിലരെയും തട്ടിയതായാണ് റിപ്പോർട്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ ദൃക്‌സാക്ഷികൾ പിടികൂടി പോലീസിലേൽപ്പിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി ബ്രൗൺസ്‌വില്ലെയിൽ വെനസ്വേലൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. വ്യാഴാഴ്ച, ടെക്സാസിലെ റിയോ ഗ്രാൻഡെ വാലിയിൽ ബോർഡർ പട്രോളിംഗ് കസ്റ്റഡിയിലെടുത്ത 6,000 കുടിയേറ്റക്കാരിൽ 4,000 പേർ വെനസ്വേലക്കാരായിരുന്നു.

Latest News