ഉക്രൈനിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ പുതിയ തരംഗത്തിന് തുടക്കമിട്ട് റഷ്യ. ഇതിന്റെ ഫലമായി ഉക്രൈനിൽ ഉടനീളം അപായ സൈറണുകൾ മുഴങ്ങി. തലസ്ഥാനമായ കീവിൽ ഒറ്റരാത്രികൊണ്ട് നിരവധി സ്ഫോടനങ്ങൾ നടന്നതായും ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കാമികേസ് ഡ്രോൺ ആക്രമണമായിരുന്നു ഇതെന്നും മേയർ വെളിപ്പെടുത്തി. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
തെക്കൻ ഒഡേസ മേഖലയിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തങ്ങളുടെ വെയർഹൗസ് തകർന്നതായി ഉക്രൈനിലെ റെഡ് ക്രോസ് അധികൃതർ പറയുന്നു. കീവിൽ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ആക്രമണമാണ് നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയൻ നാസി ജർമ്മനിക്കെതിരായ വിജയത്തെ അനുസ്മരിപ്പിക്കുന്ന വാർഷിക ദിനത്തിനു മുൻപായി ആണ് റഷ്യ ആക്രമണം നടത്തിയത്.
സമീപ മാസങ്ങളിൽ സിവിലിയൻ ലക്ഷ്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങൾക്ക് വിരാമമിട്ടതിന് ശേഷം, കീവ് ആക്രമണങ്ങൾ ഇല്ലാതിരുന്ന ദിവസങ്ങൾക്കു സാക്ഷ്യം വഹിച്ചിരുന്നു. എന്നാൽ വ്യാപകമായി പ്രതീക്ഷിക്കുന്ന ഉക്രേനിയൻ പ്രത്യാക്രമണത്തിന് മുന്നോടിയായി മോസ്കോ കഴിഞ്ഞ ഒരാഴ്ചയായി അതിന്റെ വ്യോമാക്രമണം ശക്തമാക്കി. ഏതാണ്ട് നാലു മണിക്കൂറോളം മിസൈൽ ഡ്രോൺ ആക്രമണങ്ങൾ കീവിന് മേൽ നടന്നു. ഇറാനിയൻ നിർമ്മിത ഷാഹെദ് കാമികാസെ ഡ്രോണുകൾ ആണ് ഉക്രൈനിൽ ഉടനീളം ആക്രമണം നടത്തിയത്.