കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആയിരത്തിലേറെ ആക്രമണങ്ങളാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെ ഉണ്ടായതെന്നും അവയിൽ ഭൂരിഭാഗവും ആസൂത്രിതമായിരുന്നു എന്നും ചൂണ്ടിക്കാട്ടി ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ക്രിസ്ത്യാനികൾക്കെതിരെ സംഘടിതമായ ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ സമർപ്പിച്ച രേഖകൾക്കു മറുപടിയായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആണ് ആർച്ച് ബിഷപ്പ് ഇപ്രകാരം വെളിപ്പെടുത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങളാണ് ഇന്ത്യയിലെ ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് എതിരായ ആക്രമണങ്ങൾക്കു പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെ എടുത്ത കേസുകൾക്കു പിന്നിൽ ആർഎസ്എസ്, ബജ്റങ് ദൾ, അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ക്രിസ്ത്യൻ മതവിഭാഗങ്ങളുമായി അടുപ്പം സൃഷ്ടിക്കാൻ ബിജെപി വലിയ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്കു പിന്നിൽ സംഘപരിവാർ സംഘടനകളുടെ പങ്ക് സൂചിപ്പിച്ചുകൊണ്ട് ആർച്ച് ബിഷപ്പ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.