പലസ്തീന് അഭയാര്‍ത്ഥികള്‍ക്കായി യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി ) നടത്തിയിരുന്ന ഭക്ഷണ വിതരണം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിന്ധിയെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ഇതു സംബന്ധിച്ച പ്രഖ്യാപനം വേൾഡ് ഫുഡ് പ്രോഗ്രാം കൺട്രി ഡയറക്ടർ സാമിർ അബ്ദുൽ ജാബിയാണ് നടത്തിയത്.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രയേറിയതും ദരിദ്രവുമായ അഭയാർഥികൾ കഴിയുന്ന പ്രദേശമാണ് പലസ്തീനിലെ ഗാസ്സായും വെസ്റ്റ് ബാങ്കും. മേഖലകളിലെ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ഇവിടെ കഴിയുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ ഭക്ഷണ വിതരണം നിര്‍ത്തേണ്ടി വരുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. അടിയന്തര സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ രണ്ടുലക്ഷം ആളുകള്‍ക്ക് ജൂൺ മുതൽ ഡബ്ല്യു.എഫ്.പി വഴിയുള്ള ഭക്ഷണ സഹായം മുടങ്ങും.
അതേസമയം,1,40,000 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നൽകുന്നത് തുടരാന്‍ കഴിയുമെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍ എത്ര നാള് ഇതു തുടരാന്‍ കഴിയുമെന്നും യുഎന്‍ ആശങ്കപ്പെടുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഓഗസ്റ്റ് മുതൽ സഹായം പൂര്‍ണ്ണമായും നിലയ്ക്കും.