സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നതായി സിഇഒ ഇലോണ്‍ മസ്കിന്‍റെ വെളിപ്പെടുത്തല്‍. കോളുകളും എന്‍സ്ക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ട്വിറ്ററില്‍ പുതുതായി അവതരിപ്പിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ‘ട്വിറ്റര്‍ 2.0 ദ് എവരിതിംങ് ആപ്പ്’ പുറത്തിറക്കുമെന്നു കഴിഞ്ഞ വര്‍ഷം മസ്ക് വ്യക്തമാക്കിയിരുന്നു.
” ട്വിറ്റര്‍ പ്ലാറ്റ്ഫോമില്‍ വോയ്‌സ്, വീഡിയോ ചാറ്റ് സേവനങ്ങള്‍ ഉടന്‍ വരുകയാണ്. അതിനാൽ നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ നിങ്ങൾക്ക് ലോകത്തെവിടെയുമുള്ള ആളുകളുമായി സംസാരിക്കാനാകും,” മസ്‌ക് ചൊവ്വാഴ്ച ഒരു ട്വീറ്റിൽ പറഞ്ഞു. പ്രമുഖ സാമൂഹിക മാധ്യമ സ്ഥാപനമായ മെറ്റയുടെ ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്‌ക്ക് സമാനമായി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിന്‍റെ മുഖം മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. എൻക്രിപ്റ്റഡ് ഡയറക്ട് മെസേജുകൾ (ഡിഎം), ലോംഗ്ഫോം ട്വീറ്റുകൾ, പേയ്‌മെന്റുകൾ എന്നിവ പോലുള്ള സവിശേഷതകളും പുതുതായി ട്വിറ്ററില്‍ ഉണ്ടാവും.
ബുധനാഴ്ച മുതൽ ട്വിറ്ററിൽ സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എൻക്രിപ്റ്റഡ് ഡയറക്ട് മെസേജുകളുടെ ഒരു പതിപ്പ് ട്വിറ്ററിൽ ആരംഭിക്കുമെങ്കിലും കോളുകൾ എൻക്രിപ്റ്റ് ചെയ്യപ്പെടുമോ എന്ന് വ്യക്തമല്ല. നിരവധി വർഷങ്ങളായി പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നും മസ്ക് അറിയിച്ചു.