Sunday, November 24, 2024

ആർഎസ്‌വിക്കെതിരായ വാക്സിന്‍ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അഥവാ ആർഎസ്‌വി ക്കെതിരെ ആദ്യമായി വികസിപ്പിച്ച വാക്സിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ അംഗീകാരം. 25,000-ത്തോളം ആളുകളില്‍ നടത്തിയ ഗവേഷണത്തിനു പിന്നാലെയാണ് വാക്സിന് അംഗീകാരം നല്‍കിയത്. യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിൽ നിന്ന് അനുമതി ലഭിച്ചാൽ ജൂണോടെ വാക്സിൻ വിപണിയില്‍ എത്തും.

ആർഎസ്വി മൂലം ആയിരക്കണക്കിന് ആളുകളാണ് പ്രതിവര്‍ഷം മരണത്തിനു കീഴടങ്ങുന്നത്. യുഎസിൽ മാത്രം, 65 വയസ്സിനു മുകളിലുള്ള 14,000 പേർ RSV മൂലം ഓരോ വർഷവും മരിക്കുന്നതായാണ് റിപ്പോര്‍ട്ട്. പതിനായിരക്കണക്കിന് ആളുകള്‍ രോഗത്തെ തുടര്‍ന്നു ആശുപത്രിയിൽ ഒരോ വര്‍ഷവും ചികിത്സ തേടുന്നുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായി ആര്‍എസ് വിക്കെതിരായ വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണം നടന്നിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല.

വൈറസ് പിടിപെട്ടാൽ വളരെ ചെറിയ കുട്ടികൾക്കും പ്രായമായ ആളുകൾക്കും അപകടസാധ്യതയുണ്ട്. ഇത്തരത്തില്‍ മരിക്കുന്നവരുടെ എണ്ണം വികസ്വര രാജ്യങ്ങളിലാണ് കൂടുതല്‍. അതേസമയം, ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ജിഎസ്കെ-യാണ് ആര്‍ എസ് വി വാക്സിൻ വികസിപ്പിച്ചത്. RSV മൂലമുണ്ടാകുന്ന ലോവർ റെസ്പിറേറ്ററി ട്രാക്റ്റ് ഡിസീസ് (LRTD) ൽ നിന്നും വാക്സീന്‍ ആളുകളെ സംരക്ഷിക്കുമെന്നു പഠനം പറയുന്നു.

ജൂൺ മാസത്തോടെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഈ വാക്‌സിൻ അംഗീകരിക്കുമെന്നാണ് വിവരം. ഈ വർഷം സെപ്റ്റംബറിന് ശേഷം യുഎസിലെ ഫാർമസികളിലും ക്ലിനിക്കുകളിലും വാക്‌സിൻ ലഭ്യമാകും.

Latest News