Monday, November 25, 2024

ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളിലും പ്രതിഷേധം

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളിലും പ്രതിഷേധം ശക്തം. കാനഡ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലുള്ള എംബസികളുടെ മുന്നില്‍ വന്‍ ജനപങ്കാളിത്തത്തോടെയായിരുന്നു ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം. മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ലണ്ടനിലുള്ള വസതിക്കു മുന്നിലും പ്രതിഷേധമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് കേസുകളില്‍ ഹാജരാകാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ എത്തിയ ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇമ്രാന്‍റെ അനുകൂലികള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിക്കു പുറത്തേക്കും പ്രതിഷേധം വ്യാപിച്ചത്.

എംബസികളുടെ മുന്നില്‍ ജനപങ്കാളിത്തതോടെ നടന്ന പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍, ഇമ്രാന്‍ ഖാന്‍ ചെയര്‍മാനായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അനുകൂലികള്‍ പുറത്തുവിട്ടു. വാഷിങ്ടണ്‍ ഡിസി, കാനഡയിലെ ടൊറെണ്ടോ, ന്യൂയോര്‍ക്ക് സിറ്റി എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇമ്രാന്‍റെ പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റിന്, കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈമാറിയെന്ന കേസിലാണ് ഇമ്രാന്‍റെ അറസ്റ്റ്.

Latest News