“ആയിരം ദിവസങ്ങൾ തടവിൽ കഴിയുക എന്നത് ഭീകരമായ കാര്യമാണ്. ഈ ഭയാനകമായ സാഹചര്യം എത്രയും വേഗം പരിഹരിക്കാൻ ഞാൻ ചൈനയിലെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടും” – ചെങ് ലീ എന്ന തന്റെ ജീവിത പങ്കാളിയെ കുറിച്ച് നിക്ക് കോയിൽ എന്ന വ്യക്തിയുടെ വാക്കുകളാണ് ഇത്. ചെങ് ലീ കഴിഞ്ഞ ആയിരത്തിലധികം ദിവസങ്ങളായി ചൈനയിൽ ജയിലിലാണ്. ജയിലിൽ ഇടാൻ മാത്രം എന്ത് കുറ്റമാണ് അവൾ ചെയ്തതെന്ന് ആർക്കും അറിയില്ല. ഈ മാധ്യമ പ്രവർത്തകയെ ഇതുവരെ ശിക്ഷയ്ക്കും വിധിച്ചിട്ടില്ല. ചുരുക്കത്തിൽ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾക്കു മേൽ ചൈന നടത്തുന്ന കടന്നുകയറ്റത്തിന് ഉദാഹരണമാണ് ഈ സംഭവം.
ചൈനയിലെ സർക്കാർ നടത്തുന്ന ഇംഗ്ലീഷ് ഭാഷാ ടെലിവിഷൻ സ്റ്റേഷനായ CGTN-ൽ ബിസിനസ് റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു ചെങ് ലീ. 2020 ഓഗസ്റ്റ് 13-ന് സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസർമാർ അവളെ പെട്ടെന്ന് പിടികൂടി. “അനധികൃതമായി വിദേശത്ത് സംസ്ഥാന രഹസ്യങ്ങൾ വിതരണം ചെയ്തു” എന്ന ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു അറസ്റ്റ്. അവളുടെ ആദ്യത്തെ ആറുമാസം ജയിലിൽ ഏകാന്തതടവിലായിരുന്നു ലീ. പിന്നീട് സ്ട്രെസ് പൊസിഷനുകളിൽ പാർപ്പിച്ചു. ചോദ്യം ചെയ്യപ്പെട്ടിട്ടും ഒരു അഭിഭാഷകനെ സമീപിക്കാൻ ലീയുടെ ഭാഗത്തുനിന്നും ആർക്കും കഴിഞ്ഞില്ല.
ലീയുടെ വിചാരണ പോലും വളരെ രഹസ്യമായി ആയിരുന്നു. ചൈനയിലെ ഓസ്ട്രേലിയൻ അംബാസഡർ ഗ്രഹാം ഫ്ലെച്ചറിന് പോലും അവിടെ പ്രവേശനം നിഷേധിക്കപ്പെട്ടു. തന്നെയുമല്ല ലീയുടെ ശിക്ഷാവിധി വീണ്ടും വീണ്ടും മാറ്റിവച്ചു. അവളുടെ വിചാരണ നടന്ന ബീജിംഗ് സെക്കൻഡ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതിയിലേക്ക് ബിബിസി നടത്തിയ കോളുകൾക്ക് ഉത്തരം ലഭിച്ചില്ല.
ചൈന-ഓസ്ട്രേലിയ ചേംബർ ഓഫ് കൊമേഴ്സിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവായ മിസ്റ്റർ കോയ്ൽ ഇപ്പോൾ ബീജിംഗ് വിട്ടെങ്കിലും അവളുടെ മോചനത്തിനായി വിദേശത്ത് നിന്ന് പ്രവർത്തിക്കുന്നത് തുടരുകയാണ്. ജനുവരിയിൽ ഓസ്ട്രേലിയയിലെ ചൈനയുടെ അംബാസഡർ സിയാവോ ക്വിയാൻ ‘എത്രയും വേഗം ഒരു പരിഹാരം വരുമെന്ന്’ പറഞ്ഞു. “എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ആ പ്രത്യാശയിൽ ഞങ്ങൾ കാത്തിരിക്കുകയാണ്”- കോയിൽ പറയുന്നു.