ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം അഞ്ചാം തീയതി മുതൽ ഈടാക്കാൻ തീരുമാനം. മുൻപ് ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പുതിയ തീയതി സംബന്ധിച്ച തീരുമാനം ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് കൈക്കൊണ്ടത്.
റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക. നിയമലംഘനങ്ങൾക്ക് മെയ് അഞ്ചു മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. ഏതാനും ദിവസങ്ങളായി എഐ ക്യാമറയിൽ പതിഞ്ഞ ഗതാഗത നിയമലംഘനത്തിൽ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. ഇതിനിടയിൽ എഐ ക്യാമറ ഇടപാടിൽ കൂടുതൽ അഴിമതി നടന്നതിന് തെളിവുകളുമായി പ്രതിപക്ഷം രംഗത്തെത്തി.