Monday, November 25, 2024

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മിസൈൽ കമാൻഡർ കൊല്ലപ്പെട്ടു

ഗാസ മുനമ്പിലെ ഒരു അപ്പാർട്ട്‌മെന്റിന് നേരെ പുലർച്ചെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഉന്നത പലസ്തീൻ ഇസ്ലാമിക് ജിഹാദ് (പിഐജെ) കമാൻഡർ കൊല്ലപ്പെട്ടു. സ്ട്രിപ്പിന്റെ തെക്ക് ഭാഗത്ത് ഖാൻ യൂനിസിന് സമീപമുള്ള ഹമദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെന്റിന് നേരെ ആണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മറ്റൊരാൾ കൂടെ കൊല്ലപ്പെട്ടു.

ബുധനാഴ്ച ഗാസയിലെ തീവ്രവാദികൾ ഇസ്രായേലിന് നേരെ 460 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടിരുന്നു. ഇതിനു മറുപടിയായി ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ശക്തമായ പോരാട്ടം ഇസ്രായേലും നടത്തി. ഇസ്രായേൽ സൈന്യം ഗാസയിലെ 130 ലധികം തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിച്ചു. പിഐജെയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ ഗാസയിൽ 25 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കുറഞ്ഞത് 10 സാധാരണക്കാരും മറ്റ് മൂന്ന് പിഐജെ കമാൻഡർമാരും ഉൾപ്പെടുന്നു.

ചില റോക്കറ്റുകൾ വീടുകളിലും കെട്ടിടങ്ങളിലും പതിച്ചെങ്കിലും മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മിക്കവാറും തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങുകയോ അവയെ തകർക്കുകയോ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ മിസൈൽ യൂണിറ്റിന്റെ തലവൻ അബു മുഹമ്മദ് എന്നറിയപ്പെടുന്ന അലി ഹസൻ ഘാലി മരിച്ചതായി പിഐജെയുടെ സായുധ വിഭാഗം സ്ഥിരീകരിച്ചു.

ഹമാസിന് ശേഷം ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ തീവ്രവാദ ഗ്രൂപ്പാണ് പിഐജെ. സമീപ വർഷങ്ങളിൽ ഇസ്രായേലിനെതിരെ നടന്ന നിരവധി റോക്കറ്റ് ആക്രമണങ്ങൾക്ക് ഉത്തരവാദിയാണ് ഈ തീവ്രവാദി സംഘം.

Latest News