“എന്റെ പന്ത്രണ്ടു വയസ് ഉള്ള മകൾ പറയും അച്ഛൻ ഇനി ഈ ജോലി ചെയ്യരുത് എന്ന്. ശരിയാണ് ഏതു സമയവും മരണം സംഭവിക്കാം. അത്രയ്ക്ക് അപകടം ഉണ്ട്. തിരിച്ചു വരും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് ഞങ്ങൾ ഈ ജോലിക്ക് ഇറങ്ങുന്നത്. എങ്കിലും കാണികളുടെ കയ്യടികളും പ്രോത്സാഹനവും ഞങ്ങളെ മുന്നോട്ട് നയിക്കുന്നു” – ഇന്ത്യയിലെ ഏറ്റവും വലിയ മരണക്കിണറിൽ ജോലി ചെയ്യുന്ന മുഹമ്മദ് റയീസ് എന്ന സ്റ്റണ്ട്മാന്റെ വാക്കുകളാണ് ഇത്. അപകടവും കൗതുകവും ഒപ്പം മനസിന്റെ ബലവും ഒത്തുചേർന്ന ഈ തൊഴിൽ മേഖലയെ കുറിച്ചും അതിന്റെ അപകടത്തെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
ഒരുകാലത്ത് ഉത്സവപ്പറമ്പുകളെ ഹരം കൊള്ളിച്ച ഒന്നായിരുന്നു മരക്കിണറുകൾ. കേരളത്തിൽ ഇന്ന് അപൂർവ്വമായേ ഇത്തരത്തിലുള്ള മരണക്കിണറുകൾ കാണുന്നുള്ളൂ എങ്കിലും ഉത്തരേന്ത്യയിലും മറ്റും ഏറെ പ്രചാരത്തിലുണ്ട് ഈ മരണക്കിണറുകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നിമിഷത്തെ അശ്രദ്ധയോ കൈപിഴവോ മതി മരണത്തിലേയ്ക്ക് റൈഡർമാർക്കു വഴുതി വീഴാൻ. ഒരേസമയം അപകടകരവും ഒപ്പം ആവേശകരവും ആണ് മരണക്കിണറിലെ വണ്ടിയോട്ടം.
“ഞാൻ മരണക്കിണറിൽ സ്റ്റണ്ട് ചെയ്യാൻ തുടങ്ങിയിട്ട് 27 വർഷം ആകുന്നു. 50 അടി ഉയർത്തി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മരണക്കിണറിലാണ് ജോലി. മരണക്കിണറ്റിൽ വണ്ടി ഓടിക്കുവാൻ പരിശീലിക്കുന്ന സമയത്ത് രണ്ടു പ്രാവശ്യം അപകടം സംഭവിച്ചു. എങ്കിലും ട്രെയിനിങ് തുടർന്നു. ഇന്ന് ഒരു പ്രഫഷണൽ സ്റ്റണ്ടറാണ് ഞാൻ”- മുഹമ്മദ് റയീസ് പറയുന്നു.
ഈ ജോലിക്കു ഒരു ഗ്യാരന്റിയും പറയാൻ കഴിയില്ല. ആളുകൾ വിചാരിക്കുന്നത് ഈ ജോലിയിലൂടെ വലിയ വരുമാനം ഞങ്ങൾക്ക് കിട്ടുന്നുണ്ട് എന്നാണ്. എന്നാൽ ദിവസം 1000 രൂപ കിട്ടിയാൽ ആയി. അതും ഇല്ലാത്ത ദിവസങ്ങൾ ഉണ്ട്. പലപ്പോഴും മണിക്കൂറുകൾ നീണ്ട പ്രകടത്തിനിടെ തളരുന്നു. എന്നാൽ കാണികളുടെ കയ്യടികൾ ഞങ്ങൾക്ക് ഊർജ്ജം പകരുന്നു. മുഹമ്മദ് കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ സ്റ്റണ്ട് ചെയ്യുന്ന ആളുകളെ ആരും തിരിച്ചറിയപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. പലപ്പോഴും പ്രകടനം കഴിയുമ്പോൾ കൈയ്യടിച്ചു ആളുകൾ കടന്നു പോകുന്നു. അതിനപ്പുറത്തേയ്ക്കു തങ്ങളുടെ വിവരങ്ങൾ ആരും ചോദിക്കുന്നില്ല. ഒരു രജിസ്ട്രേഷനോ ഞങ്ങളുടെ പരാതികൾ കേൾക്കുവാൻ സംഘടനകളോ ഇല്ല. എങ്കിലും ഞങ്ങൾ ഞങ്ങളുടെ ജോലി തുടരുന്നു. ആളുകളെ വിനോദിപ്പിക്കുന്നു… മുഹമ്മദ് പറഞ്ഞു നിർത്തി.
അദ്ദേഹത്തിൻറെ വാക്കുകളിൽ നിറയുന്നത് രാജ്യത്തെ അനേകം അസംഘടിതരായ സ്റ്റണ്ടർമാരുടെ വേദനകളും ആകുലതകളും ആണ്. തിരികെ വീട്ടിൽ വരുമോ എന്ന് പോലും അറിയാത്ത ഒരു ജോലി. സാഹചര്യങ്ങൾ കൊണ്ട് അത് ഏറ്റെടുക്കുവാനും തുടരുവാനും നിർബന്ധിതരാവുകയാണ് ഇവർ. അപ്പോഴും ഓരോ ഷോകൾക്കപ്പുറം തങ്ങൾ ഒരു വ്യക്തിത്വവും ഇല്ലാതായി പോകുന്നവരായി മാറുന്നു എന്ന ദുഃഖം ഓരോ സ്റ്റണ്ടറും പങ്കുവയ്ക്കുന്നു.