ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ അനു ശിവരാമന്, വി. ഷിര്‍സി, എം ആര് അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വി ഷിര്‍സിയെ ഉള്‍പ്പെടുത്തിയത്.
1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1857 മാര്‍ച്ച് 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമായിരുന്നു തുടക്കം. അന്നുമുതല്‍ ഇന്നോളം തുടരുന്ന അതിക്രമങ്ങളെ ചെറുക്കാന്‍, ഓരോ സ്ത്രീക്കും ഒപ്പം കൂടെ നില്ക്കുന്നൊരു സമൂഹം പടുത്തുയര്‍ത്താം എന്നതാണ് വനിതാ ദിനാഘോഷങ്ങളുടെ ലക്ഷ്യവും.