ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ നിയന്ത്രണചട്ടപ്രകാരം ഇനി ഇന്ത്യൻ ഡോക്ടർമാർക്കു സ്വന്തം സംസ്ഥാനത്തിനുപുറമേ മറ്റൊരിടത്തുകൂടി റജിസ്ട്രേഷൻ ലഭിക്കില്ല. മറ്റൊരു സംസ്ഥാനത്ത് റജിസ്ട്രേഷൻ ആവശ്യമെങ്കിൽ മുൻപ് ഉള്ള റജിസ്ട്രേഷൻ ഒഴിവാക്കി പുതിയത് നേടണം. എൻഎംസിയുടെ ഈ പുതിയ നിയമം വിദഗ്ധഡോക്ടറുടെ സേവനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കുന്നതിന് തടസ്സമാകും.
എൻഎംസി നിലവിൽ വരുന്നതിനുമുൻപ്, ഒരു സംസ്ഥാന കൗൺസിലിൽ റജിസ്റ്റർ ചെയ്യുന്നയാൾക്ക് എവിടെയും പ്രാക്ടിസ് ചെയ്യുവാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമത്തോടെ ഇത് നടപ്പാകില്ല. ഇതിനെതിരെ പല ഡോക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്. ഒരിടത്തു റജിസ്ട്രേഷനും മറ്റിടങ്ങളിൽ താൽക്കാലിക റജിസ്ട്രേഷനും അനുവദിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന് ആണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ ചട്ടപ്രകാരം വിദേശ ഡോക്ടർമാർക്ക് താൽക്കാലിക ലൈസൻസ് അനുവദിക്കുമെന്നതിനാൽ അവരെ ഇത് ബാധിക്കില്ല. സൂപ്പർ സ്പെഷ്യൽറ്റി കോഴ്സുകൾ, ഫെലോഷിപ്പോ മറ്റു സർട്ടിഫിക്കറ്റ് കോഴ്സുകളോ ചെയ്യാനെത്തുന്നവർ, വിദഗ്ധ ഡോക്ടർമാർ തുടങ്ങിയവർക്കാണ് താൽക്കാലിക ലൈസൻസ് അനുവദിക്കുക.