കൊച്ചിയിൽ കോടിക്കണക്കിനു രൂപയുടെ മൂല്യം ഉള്ള ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എൻ.ഐ.എ. അന്വേഷണം തുടങ്ങി. സംഭവത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ പാക് പൗരനെ എൻ.ഐ.എ. ചോദ്യം ചെയ്തു. ബോട്ടിൽ നിന്ന് പാക്ക് പൗരൻ പിടിയിലായതോടെ തീവ്രവാദവിരുദ്ധ സ്ക്വാഡും എൻ.സി.ബി.യിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.
പിടികൂടിയ പാക് പൗരൻ സുബൈറിനെ തിങ്കളാഴ്ച രാത്രി കൊച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്നു 14 ദിവസത്തേക്ക് റിമാൻഡുചെയ്തിരിക്കുകയാണ്. എന്നാൽ താൻ ഇറാൻകാരനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇയാൾ. കൂടാതെ എൻ.സി.ബി. പിടിച്ചെടുത്ത 2525 കിലോഗ്രാം ലഹരിമരുന്നിനുപുറമേയുള്ള ലഹരിമരുന്ന് കടലിൽ തള്ളിയതായും ചോദ്യംചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററും പിന്തുടർന്നപ്പോൾ പിടിക്കപ്പെടാതിരിക്കുവാൻ കടലിൽ തള്ളിയെന്നാണ് വെളിപ്പെടുത്തൽ.
വെള്ളം കയറാത്ത രീതിയിൽ പൊതിഞ്ഞാണ് ലഹരിമരുന്ന് കടലിൽ തള്ളിയിരിക്കുന്നത്. ഇത് ജി.പി.എസ്. സംവിധാനമുപയോഗിച്ച് ലഹരിറാക്കറ്റിന് പിന്നീട് കണ്ടെത്താനാകും. അതിനുമുമ്പേ ഇവ കണ്ടെത്തി പിടിച്ചെടുക്കാനാണ് നീക്കം.