പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള നടത്തത്തിന് ഫീസ് ഈടാക്കുമെന്ന ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഫീസ് ഈടാക്കുന്നതിനു പുറമേ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പാലക്കാട് കോട്ടയില്‍ പ്രതിദിനം പ്രഭാത- സായാഹ്ന നടത്തത്തിനായി നൂറു കണക്കിനു ആളുകളാണ് എത്തുന്നത്. ഇവരില്‍ നിന്നും 50 രൂപാ നിരക്കില്‍ ഫീസീടാക്കാനാണ് പുരാവസ്തു വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പറയുന്നത്. പ്രതിവർഷം 600 രൂപ കൂടാതെ നടക്കാൻ എത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ഇതിനെതിരെയാണ് സ്ഥിരം സവാരിക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇവിടെ എത്തുന്ന വാഹനങ്ങള്‍ക്കും ഫീസ് ഇനത്തില്‍ നിശ്ചിത തുക വാങ്ങുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സമയം കൂടിയാൽ ഫീസ് അധികം ഈടാക്കുമെന്നും നടക്കാനെത്തുന്നവർ പറയുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ചാൽ നടക്കാനുള്ള അനുമതി റദ്ദാക്കുമെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ ഭീഷണിയും ഉണ്ട്. അതേസമയം,കോട്ടയില്‍ നടക്കാന്‍ എത്തുന്നവരില്‍ നിന്നും ഫീസ് ഈടാക്കിയാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍.