മോക്ക ചുഴലിക്കാറ്റ് ആഞ്ഞടിച്ച് മ്യാന്മറില്‍ കനത്ത നാശമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. ഇതിനു പുറമേ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
ചുഴലിക്കാറ്റ് തീരം തൊട്ടതിനു പിന്നാലെ ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മണിക്കൂറില്‍ 210 കി.മീറ്റര്‍ വേഗതയില്‍ മോക്ക ആഞ്ഞടിച്ചത്. കാറ്റില്‍ നൂറുകണക്കിനു വീടുകളും, വിദ്യാലയങ്ങളും, വാര്‍ത്താ വിനിമയ ടവറുകളും തകര്‍ന്നതായി ഭരണകൂടം അറിയിച്ചു.
സൈന്യവും- ജനാധിപത്യ അനുകൂലികളും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ചിന്‍ പ്രവിശ്യയിലും മോക്ക ആഞ്ഞടിച്ചിരുന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ മേഖലയിലെ വിവരങ്ങള്‍ വ്യക്തമല്ല. അതേസമയം, ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന കോക്സ് ബസാറിലെ ക്യാമ്പുകളില്‍ മോക്ക എത്തിയെങ്കിലും ദുരന്തം സൃഷ്ടിച്ചില്ല. 10 ലക്ഷം അഭയാര്‍ത്ഥികളാണ് മേഖലയില്‍ കഴിഞ്ഞിരുന്നത്.