ഒഡീഷയിലേക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ മേയ് 18 ന് ഫ്ളാഗ് ഓഫ് ചെയ്യും. ഹൗറയിൽ നിന്നും പുരിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൗറ-പുരി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുക.
റെയിൽവേയുടെ തെക്കുകിഴക്കൻ ഡിവിഷനു കീഴിൽ സർവ്വീസ് നടത്തുന്ന വന്ദേഭാരത് സർവീസ് പശ്ചിമ ബംഗാളിലേക്കുള്ള രണ്ടാമത്തേ സർവീസ് കൂടിയായിരിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഹൗറ- പുരി വന്ദേ ഭാരത് എക്‌സ്പ്രസ് വിജയകരമായി ട്രയൽ റൺ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേയ് 18 നു ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചത്. ഹൗറയിൽ നിന്ന് പുരിയിൽ എത്തുന്നതിന് മുമ്പ് ഖരഗ്പൂർ, ബാലസോർ, ഭദ്രക്, കിയോഞ്ജർ റോഡ്, കട്ടക്ക്, ഭുവനേശ്വർ, ഖുർദ റോഡ് എന്നീ ഏഴ് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
നിലവിൽ റെയിൽവേയുടെ ഔദ്യോഗിക ആപ്പിൽ ട്രെയിൻ നിരക്കുകൾ സംബന്ധിച്ച വിവരം ഉൾപ്പെടുത്തയിട്ടില്ല. എന്നാൽ മേയ് 18 നു ശേഷം ആപ്പിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം. ചെയർകാർ നിരക്ക് 1590 രൂപയും എക്സിക്യൂട്ടീവ് ചെയറിനുള്ള നിരക്ക് ഏകദേശം 2900 രൂപയും ആയിരിക്കും. ദിവസവും ആയിരക്കണക്കിന് ആളുകളാണ് കൊൽക്കത്തയിൽ നിന്ന് ദിഘയിലേക്ക് പോകുന്നത്. നിലവിൽ ഈ റൂട്ടിൽ ഓടുന്ന ഏക പ്രീമിയം ട്രെയിൻ ശതാബ്ദിയാണ്.