കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആശുപത്രി സംരക്ഷണ നിയമഭേദഗതിക്കു സംസ്ഥാന ക്യാബിനറ്റിൻറെ അംഗീകാരം. ആശുപത്രി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നതും അസഭ്യം പറയുന്നതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ഉറപ്പു തരുന്നതാണ് പുതിയ നിയമഭേദഗതി. മെഡിക്കൽ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് ഏഴു വർഷം തടവാണ് പരമാവധി ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞ ശിക്ഷ ആറ് മാസമാക്കിയും ഭേദഗതി ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ കൈയ്യേറ്റം ചെയ്യുന്നതിനു പുറമേ അസഭ്യം പറയുന്നതും അധിക്ഷേപിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിയാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. കൂടാതെ അക്രമങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് വിപണിയിലുള്ളതിന്റെ ആറിരട്ടി വരെ നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ആശുപത്രി സംരക്ഷണ നിയമഭേദഗതി. എന്നാൽ നിയമം കൊണ്ടുവരുന്നത് വൈകുകയായിരുന്നു. കൊട്ടാരക്കര ആശുപത്രിയിൽ ഹൗസർജൻ ഡോ. വന്ദനയുടെ കൊലപാതകവും തുടർന്നു തുടർച്ചയായി ആരോഗ്യ മേഖലയിലെ ജീവനക്കാർക്കെതിരെ ആക്രമണങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിസഭ അടിയന്തിരമായി ഓർഡിനൻസ് ഇറക്കാൻ തയ്യാറായത്. ഓർഡിനൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതിയായിത്തന്നെ മാറ്റം കൊണ്ടു വരുമെന്നും അറിയിച്ചിട്ടുണ്ട്.