Monday, November 25, 2024

കര്‍ണ്ണാടക സസ്പെന്‍സിന് വിരാമം; ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രി

കര്‍ണ്ണാടക സസ്പെന്‍സിന് വിരാമമിട്ട് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന. സിദ്ധരാമയ്യയും ശിവകുമാറും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടു വര്‍ഷത്തില്‍ സിദ്ധരാമയ്യയും തുടര്‍ന്ന് ശിവകുമാറും മുഖ്യമന്ത്രിയാകും.

കോണ്‍ഗ്രസ് വന്‍വിജയം നേടിയ കന്നടയങ്കത്തില്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്, ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ അവസാനിക്കുന്നത്. സിദ്ധാരാമയ്യ കര്‍ണ്ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് 3:30-ന് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. എന്നാല്‍ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാട് ഡി.കെ. ശിവകുമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഡി.കെ. ശിവകുമാറിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുമെന്നാണ് സൂചന. പിസിസി അദ്ധ്യക്ഷസ്ഥാനത്തിനു പുറമെ, 2024-ലെ പാര്‍ലമെന്‍റ് ഇലക്ഷന്റെ ചുമതലകളും ഡി.കെ-യ്ക്ക് നല്‍കുമെന്നാണ് അഭ്യൂഹം.

മെയ് 10-ന് നടന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ 135 സീറ്റും നേടി ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കിയാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും ജെഡിഎസ് 19 സീറ്റുമാണ് നേടിയത്.

Latest News