സുരക്ഷാ കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡൻറുമായിരുന്ന സൗരവ് ഗാംഗുലിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പശ്ചിമ ബംഗാൾ സർക്കാർ എടുത്തതായാണ് വിവരം. വൈ കാറ്റഗറി സുരക്ഷയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ചേർന്ന പുനരാലോചന സമിതി യോഗത്തിലാണ് തീരുമാനം.
നിലവിൽ ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിൻറെ മെന്റർ ചുതലയാണ് ഗാംഗുലിക്കുള്ളത്. ഐ.പി.എൽ മത്സരങ്ങൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ ഇസഡ് കാറ്റഗറി സുരക്ഷ നൽകാനാണ് സർക്കാർ തീരുമാനം. വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോൾ സ്പെഷൽ ബ്രാഞ്ചിൽ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സംരക്ഷണം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം വസതിക്കുമായിരുന്നു ലഭിച്ചത്. ഇത് ഇസഡ് കാറ്റഗറിയിലേക്ക് സുരക്ഷ വർദ്ധിപ്പിക്കുമ്പോൾ എട്ട് മുതൽ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് താരത്തിന് ലഭിക്കുക.